Search Athmeeya Geethangal

5001. മനതാര്‍ മുകുരത്തിന്‍ പ്രകാശം 
Lyrics : K V Simon, Edayaranmula

“മതിനേര്‍വദനത്തില്‍ - എന്നമട്ട്‌

മനതാര്‍മുകുരത്തിന്‍പ്രകാശം മനുകുലത്തിന്‍മതത്തിനെല്ലാം
പൊരുത്തംവരുത്തിവയ്ക്കും - മനതാര്‍
 
മനസ്സിവരും മദഭാവന നീക്കും മഹിതമനസ്സുകള്‍മാതൃകയാക്കും
മതിസുഖമനിശമശേഷമുദിക്കും
മറുത്തുപറഞ്ഞോര്‍വന്നുപദത്തില്‍നമസ്ക്കരിക്കും - മനതാര്‍
 
1. മനമേനീയിതുതള്ളിമുറ്റും പടുകുഴിയില്‍
തുലയൊല്ലാപരനിതിന്‍ചുറ്റും പുതുവെളിച്ചം
തരുമേനീയിതുകാത്താല്‍ചെറ്റും ഭ്രമിച്ചിടേണ്ട
വിപരീതമാകിലോനീചുറ്റും നിനക്കിപ്പോഴു.-
തുള്ള കൃപ തള്ളിടുകില്‍ കൊള്ളയാകും നിന്റെഗുണമെല്ലാം-അതാല്‍ക്ഷീണിച്ചു
ചള്ളപോലെയുറപ്പില്ലാത്തുള്ളമുള്ളപൊള്ളനാകുമില്ലാ- സംശയം സാത്താന്‍
വെള്ളമെന്നപോലെ നിന്നെതൊള്ളതുറന്നുള്ളിലാക്കിയല്ലാ- തടങ്ങുകില്ല
കള്ളനുപദേശിയെന്നചള്ളുനാമംധരിപ്പിക്കും വല്ലാ-തീലോകരെല്ലാം
 
ഒരുവുരു ശരിയെന്നുര ചെയ്തതുനീ
പിശകെന്നുടനേ പറയേണ്ടിവരും
സ്ഥിരമതികളെ കണ്ടാല്‍മുഖം ചളിച്ചീടും
അയല്ക്കാരും പരിഹസിച്ചവിശ്വസിച്ചറച്ചിടും - മനതാര്‍
 
2. പട്ടുകുപ്പായമയ്യോനിന്നെ മയക്കരുതേ
കട്ടിപ്പൊന്‍മുടിയുമെന്‍പൊന്നേ അതിനോടൊത്തു
മട്ടൂറുംമൊഴികളുംതന്നെ നിന്‍വിശ്വാസത്തെ
കട്ടുപോകരുതെന്നുനന്നേ എനിക്കുള്ളാശ
പട്ടിവിടെയിട്ടു ഭൂമിവിട്ടു നരന്‍ തട്ടുകേടായ്‌ പോകും ശവക്കുഴിയില്‍
പട്ടവല്ല പഴുന്തുണിയിട്ടുകെട്ടിചെറ്റുമറവേകും- അവന്നുചെറു-
തുട്ടുപൊലുമിട്ടുകൊടുത്തൊട്ടുദയ കാട്ടുകില്ലചാകും സമയമമയ്യൊ
ചട്ടമിതാണെട്ടുകെട്ടിലഷ്ടിചെയ്തിരിപ്പവന്നുമാകും-ഫലാനുഭവം
 
ബഹുതരദുരിതം മനുജനു ഭുവനെ
ബന്ധുവര്‍ഗ്ഗമതുമെന്തിഹ വിജനെ
അന്തരംഗമതിലാമയ ഹരനെ!
ചിന്തചെയ്ക ദിനവും മമ പ്രിയനെ - മനതാര്‍
 
3. ഏ എന്ന പോലെ മാനം നോക്കി നിലവിടൊല്ലാ
ബി എന്ന പോലെ പണം നോക്കി തന്നെയുമല്ലാ
സി എന്ന പോലെ മേനി നോക്കി അതുവുമമല്ല
ഡി എന്നപോലെസുഖംനോക്കി ഇനിയും കേള്‍ക്ക
യുക്തിയില്ലാ ശുഷ്കവാദം നിസ്ത്രപം പരിഗ്രഹിച്ചുകൊണ്ടോ?- പുറമേനല്ല
യുക്തിയെന്നു തോന്നിടുമശുദ്ധരിന്‍ വചസ്സുകേട്ടുകൊണ്ടോ- കഥയില്ലാത്ത
ദുഷ്പ്രസംഗക്കാര്‍ പറയും വിദ്യയില്ലാപ്പിണക്കുകള്‍കൊണ്ടോ- നേരെമറിച്ചു
വിദ്യയുള്ളോര്‍ പറയുമബദ്ധവാക്കു വിലവച്ചുകൊണ്ടോ?- തെറ്റിപ്പോകൊല്ലാ
വിഷയവിരക്തിയുമതിദൃഡമതിയും
വിശ്വനാഥപദസേവനരതിയും
ന്യായവര്‍ത്ത്മനിവിവേചനഗതിയും
ചേര്‍ന്നഭക്തനരുള്‍ നിന്‍ മുഴുനതിയും - മനതാര്‍
 
4. ലൂത്തേര്‍, കാല്‍വിന്‍, ഇവരെയോര്‍ക്ക-വിക്ടിഫു, സ്വിംഗ്ലി,
ഹുസ്സെന്നിവരെയുമുള്‍ച്ചേര്‍ക്ക ക്രാന്മർ ചിതയില്‍
ഹസ്തമെരിക്കുന്നതും പാര്‍ക്ക-മനസ്സാക്ഷിയി
ന്നൂക്കെവ്വിധമെന്നതു തീര്‍ക്ക-വയ്യാ തെല്ലുമേ
പൊന്നുവചസ്സിനെതിരായ്‌ മന്നവന്‍ നിയോഗമുണ്ടായ് വന്നവിഷമകാലം
ബന്യനതുഗണിച്ചു ലൈസന്‍സുവാങ്ങാന്‍ മടിക്കയാലന്നു പന്തിരണ്ടാണ്ടു
ഖിന്നനായ്തടവില്‍ കിടന്നെന്നതു സ്മരിച്ചീടുകില്‍ നന്നാണീശസേവക-
ര്‍ക്കിന്നതെവരാവുമെന്നതില്ലമനസ്സാക്ഷികാത്തു നിന്നാലെങ്കിലുമന്ത്യം
 
പരമ സുഖപ്രദമായൊരു ലോകം തരുമഖിലേശ്വരനില്ലവിവാദം
ചിരതരമവിടിരുന്നതുലിതശോകം
സകലവുംമറന്നിടാംസമുദിതമോദം - മനതാര്‍
 
5. സൂചിമുനയളവുമാതധ്രം-മനസ്സാക്ഷിയെ-
ന്നാരറിഞ്ഞഭിമാനപാത്രം-ആകുമതിനെ പാരംതെളിയുമൊരുന്റേത്രം-കണക്കുകാത്തു
പോരുമവനേയതിമാത്രം-പരമപുമാന്‍
സത്യധനത്തിനു നല്ല നിത്യകാവല്ക്കാരനായിട്ടാക്കും അതാലവന്നു
സത്യമതു വിറ്റു തന്റെ കൊറ്റു കഴിവാന തൃപ്തി വായ്ക്കു പൌല്‍ചെന്നപോലെ
സത്യവിരുദ്ധമായൊന്നുംസാദ്ധ്യമല്ലഞങ്ങള്‍ക്കെന്ന വാക്കുംപടി ജീവിച്ചു
ചിത്തമുറപ്പിച്ചു തന്റെ മൃത്യുവണയുമ്പോഴൊരു ഭീയ്ക്കും വകകുടാതെ
 
സുഖമൊടുമൃതിയാമല കടലിന്‍നടുവില്‍
സുരപതിതന്‍വചനാമൃതപടവില്‍
കയറിയമ്മറുകരപ്പോമവനൊടുവില്‍
കുമതികള്‍ഗണംകിടന്നുഴലുന്നഗടുവില്‍ - മനതാര്‍

 

മനതാര്‍-മനസ്സാകുന്ന താര്. താര്‍-പുഷ്പം. മുകുരം-കണ്ണാടി. മതം-അഭിപ്രായം. പൊരുത്തം-യോജിപ്പ്‌,. മനസി-മനസ്സില്‍. മദഭാവന-അഹങ്കാരഭാവം. മഹിതം-ശ്രേഷ്ഠം. മതിസുഖം-മനസുഖം. അനിശം-എല്ലായ്‌പ്പോഴും. പാദം-കാല്‍. ചെറ്റും-അല്‍പവും. ഇപ്പൊഴുത്-ഈ സമയത്ത്‌. ഒരുവുരു-ഒരു പ്രാവിശ്യം. ഉരചെയ്തത്-പറഞ്ഞത്‌. സ്ഥിരമതി-സ്ഥിരമാനസന്‍. മട്ടുറും മൊഴിടമധുരവാക്ക്‌. ഭുവനേ-ഭൂമിയില്‍. ഇഹ-ഇവിടെ. വിജനേ-ജനമില്ലാത്തിടത്ത്‌ (ഇവിടെ മരണം എന്നര്‍ത്ഥം). അന്തരംഗം-മനസ്സ്‌. ആമയഹരന്‍-ദുഃഖം ഇല്ലാതാക്കുന്നവന്‍. നിസ്ത്രപം-ലജ്ജയില്ലാതെ. വചസ്സ്‌-വാക്ക്‌. ശുഷ്ക വാദം-നിരര്‍ത്ഥകഭാഷണം. വിഷയവിരക്തി-ലോകവിഷയങ്ങളില്‍ താത്പരൃമില്ലായ്മ. ദൃഢമതി-ഉറപ്പുള്ള ബുദ്ധി. സേവനരതി-സേവയില്‍ ആഗ്രഹം. ന്യായവര്‍ത്ത്മനി-ന്യായ മാര്‍ഗ്ഗത്തില്‍. വിവേചനഗതി-ഗുണദോഷങ്ങള്‍ തിരിച്ചറിഞ്ഞുള്ള പോക്ക്‌. മുഴുതനി-മുഴുവന്‍ വണക്കം. ഹസ്തം-കൈയ്‌. ഊക്ക്-ശക്തി. തെല്ലുമേ-ഒട്ടും. നിയോഗം-കല്പന. ഖിന്നന്‍-ദുഖിതന്‍. സ്മരിക്കുക-ഓര്‍ക്കുക. ഈശസേവകര്‍-ദൈവത്തെ സേവിക്കുന്നവര്‍. വിവാദം-സംശയം. ചിരതരം-വളരെക്കാലം. പരശോകം-വലിയ ദുഃഖം. സമുദിതമോദം-വലിയ സന്തോഷം. ന്രേതം-കണ്ണ്‌. പരമപുമാന്‍-ദൈവം. കൊറ്റ്‌- ആഹാരം. വായ്ക്കും-വര്‍ദ്ധിക്കും. ചിത്തം-മനസ്സ്‌. മൃത്യു-മരണം. ഭീ-ഭയം. അലകടല്‍-തിരമാലയുള്ള കടല്‍. സൂരപതി-ംദൈവം. കുമതിം-ദൂര്‍മ്മതി. ഗണം-കൂട്ടം. ഗഡു-സമയം.

 

മനസാക്ഷിയാകുന്ന കണ്ണാടിയുടെ പ്രകാശം സകല മനുഷ്യരുടെയും അഭിപ്രായത്തിന്‌ ഐക്യം ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌. മനസ്സിലുണ്ടാകുന്ന അഹങ്കാരഭാവം ഇല്ലാതാക്കും. മഹാന്മാരുടെ അഭിപ്രായം മാതൃകയാക്കും. മനസ്സിനു സദാ സന്തോഷം ഉണ്ടായിരിക്കും. എതിര്‍ത്തു പറഞ്ഞവര്‍ ഒടുവില്‍ പാദത്തില്‍ വന്നു നമസ്കരിക്കും. എന്റെ മനസ്സേ, നീ ഇതു തള്ളിയിട്ടു പടുകുഴിയില്‍ പോയി ചാടരുത്‌. ദൈവം ഈ മനസ്സാക്ഷിക്കു ചുറ്റും പുതു വെളിച്ചം പ്രകാശിപ്പിക്കും. നീ ഇതു കാത്തുകൊണ്ടാല്‍ ലേശവും ഭ്രമിക്കേണ്ട ആവശ്യം ഉണ്ടാകയില്ല. ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നീ വിഷമിക്കും. നിനക്ക്‌ ഇപ്പോഴുള്ള ദൈവകൃപ നീ തള്ളിക്കളഞ്ഞാല്‍ നിന്റെ സദ്ഗുണമെല്ലാം നഷ്ടമാകും. എന്നു തന്നെയല്ല നന്മയില്ലാത്തവനായി ക്ഷീണിച്ചു ചെളിപോലെ ഉറപ്പില്ലാത്ത ഹൃദയമുള്ള ഒരു കഴമ്പില്ലാത്തവനായി നീ തീരുമെന്നതില്‍ സംശയമില്ല. സാത്താന്‍ വായ്‌ തുറന്നു വെള്ളംപോലെ നിന്നെ ഉള്ളിലാക്കിക്കളയും. ലോകക്കാര്‍ നിനക്കു കള്ളനുപദേശിയെന്ന ചള്ളു നാമവും തരും. ഏറ്റം ശരിയെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞ കാര്യം പിശകാണെന്ന്‌ ഉടന്‍ തന്നെ പറയേണ്ടതായി വരും. സ്ഥിരമാനസരെ കണ്ടാല്‍ നീ മുഖം ചളിക്കേണ്ടി വരും. അയല്‍ക്കാര്‍ പോലും നിന്നെ പരിഹസിച്ച്‌ അവിശ്വസിച്ച്‌ അറയ്ക്കപ്പെട്ടവനായി കരുതും.

അയ്യോ! പട്ടുകുപ്പായം നിന്നെ ചതിക്കല്ലേ. കട്ടിപ്പൊന്‍മുടിയും നിന്നെ ആകര്‍ഷിക്കരുത്‌. അതോടൊപ്പം അവരുടെ മധുരഭാഷണവും നിന്റെ വിശ്വാസത്തെ മോഷ്ടിച്ചുകളയരുത്‌ എന്നു തന്നെയാണ്‌ എന്റെ ആഗ്രഹം. മനോഹരമായ പട്ടു വസ്ത്രമെല്ലാം ഉപേക്ഷിച്ചു മനുഷ്യന്‍ നിസ്സഹായനായി ശവക്കുഴിയിലേക്കു പോകും. പഴയ വല്ല വസ്ത്രവും ധരിപ്പിച്ച്‌ അടക്കം ചെയ്യും. മരണസമയത്ത്‌ ഒരു ചില്ലിക്കാശു പോലും അവന് ആരും ഇട്ടുകൊടുക്കുകയില്ല. വന്‍മാളികയില്‍ സുഖജീവിതം നയിച്ച ധനവാന്റെയും സ്ഥിതി ഇതു തന്നെയാണ്‌. മനുഷ്യന്‌ ഇവിടെ വളരെയധികം കഷ്ടതകളുണ്ട്‌. മരണത്തില്‍ ബന്ധുക്കള്‍ എന്ത്‌ സഹായം ചെയ്യാനാണ്‌? ആതുകൊണ്ട്‌ പ്രിയ സ്നേഹതാ നിന്റെ ഹൃദയത്തില്‍ എപ്പോഴും ദുഃഖം ഇല്ലാതാക്കുന്ന ക്രിസ്തുവിനെ ചിന്തിക്കുക.

എ. എന്നപോലെ മാനം നോക്കി നിലവിടരുത്. ബി. എന്നപോലെ പണം നോക്കി പിന്തിരിയാനും പാടില്ല. സി. എന്നപോലെ മേനിനോക്കി പോകരുത്‌. ഡി. എന്നപോലെ സുഖം നോക്കി പോകുന്നതും നന്നല്ല. എന്നു തന്നെയല്ല യുക്തിരഹിതമായ നിരര്‍ത്ഥക വാദം നിര്‍ലജ്ജം സ്വീകരിച്ചുകൊണ്ടോ, പുറമേ നല്ല യുക്തിയെന്നു തോന്നുന്ന അശുദ്ധന്മാരുടെ വാക്കുകള്‍ കേട്ടുകൊണ്ടോ, കഥയില്ലാത്ത ദുഷ്പ്രസംഗക്കാര്‍ പറയുന്ന അറിവുകെട്ട വൃഥാലാപംകൊണ്ടോ നേരേ മറിച്ചു പഠിച്ചവര്‍ പറയുന്ന അബദ്ധങ്ങള്‍ക്കു വില കല്‍പിച്ചുകൊണ്ടോ നീ തെറ്റിപ്പോകല്ലേ. വിഷയസുഖങ്ങളിലുള്ള വിരക്തിയും, അതിദൃഡ്മമായ ബൂദ്ധിയും ദൈവസേവയില്‍ താത്പര്യവും ന്യായമാര്‍ഗ്ഗത്തില്‍ക്കൂടി വിവേചനപൂര്‍വ്വമായ നടപ്പും ഉള്ള ഭക്തനു നിന്റെ സമ്പൂര്‍ണഭക്തിയും ബഹുമാനവും അര്‍പ്പിക്കുക.

*ലൂഥര്‍, *കാല്‍വിന്‍ എന്നീ നവീകരണ കര്‍ത്താക്കളെ ഓർക്കൂ. *വൈക്ലിഫ്, *സ്വിംഗ്ലി, *ഹുസ്സ്‌ എന്നിവരെയും കുറിച്ച്‌ ചിന്തിക്കുക.  *ക്രാന്മര്‍ ചിതയില്‍ തന്റെ കൈ എരിക്കുന്നത്‌ കാണുക (ക്രാന്മര്‍ വേദപുസ്തകം തെറ്റാണെന്ന്‌ എഴുതിക്കൊടുക്കാമെന്നു സമ്മതിച്ചെങ്കിലും പിന്നീട്‌ അനുതപിച്ചു താന്‍ എഴുതാമെന്നു പറഞ്ഞ ആ കൈയ്‌ തന്നെ ആദ്യം ദഹിപ്പിക്കുവാന്‍ പറഞ്ഞു ചിതയിലേക്കു നീട്ടിക്കൊടുത്തു). മനസാക്ഷിയുടെ ശക്തി എത്രയോ വലുതെന്നു പറഞ്ഞറിയിക്കുവാന്‍ സാധ്യമല്ല. തിരുവചനത്തിന്‌ എതിരായി രാജാവിന്റെ കല്പന പുറപ്പെട്ട കാലത്ത്‌, *ജോണ്‍ ബനിയനാകട്ടെ രാജകല്പനയനുസരിച്ചു ലൈസന്‍സു വാങ്ങാന്‍ മടിച്ചതുകൊണ്ടു പ്രന്തണ്ടു വര്‍ഷം ഖിന്നനായി കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. (*ക്രൈസ്തവ പരിഷ്കർത്താക്കളായ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ, ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനും പരിഷ്കർത്താവുമായ ജോൺ വൈക്ലിഫ്, സ്വിസ് നവീകരണ പ്രസ്ഥാനത്തിന്റെ നേതാവായ ഹുൾഡ്രിച്ച് സ്വിംഗ്ലി, ബൊഹീമിയൻ മതപരിഷ്കർത്താവായ  ജോൺ ഹസ്, കാന്റർബറിയിലെ ആർച്ച് ബിഷപ്പായ തോമസ് ക്രാൻമർ, പരദേശി മോക്ഷയാത്ര എഴുതിയ ജോൺ ബനിയൻ)

ഇതെല്ലാമോര്‍ത്താല്‍ ദൈവസേവകര്‍ക്കു മനസാക്ഷി കാത്തതു നിമിത്തം ഇന്നതേ വരാവു എന്നില്ല. എന്നാലും അന്ത്യത്തില്‍ പരമ സുഖ്രപ്രദമായ ഒരു ലോകം അവര്‍ക്കു സര്‍വേശ്വരന്‍ നല്‍കുമെന്നതിനു സംശയമില്ല. എന്നെന്നേക്കും അവിടെ ഇരുന്ന്‌ ഇവിടുത്തെ വലിയ സങ്കടം വേഗം മറന്നു നിത്യാനന്ദം അനുഭവിക്കും. ഒരു സൂചിമുനയോളം മാത്രമുള്ള മനസ്സാക്ഷിയെ അറിഞ്ഞ്‌ അഭിമാനപാത്രമായി ആരാണോ അതിനെ കാത്തു പ്രകാശമുള്ള കണ്ണുപോലെ സൂക്ഷിക്കുന്നത്‌ അവനെ സര്‍വേശ്വരന്‍ സത്യധര്‍മങ്ങള്‍ക്കു നിത്യകാവല്‍ക്കാരന്‍ ആക്കി വയ്ക്കും. അവനു സത്യം വിറ്റ്‌ അഷ്ടികഴിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട്‌ പൌലൊസ്‌ പറഞ്ഞതുപോലെ ഞങ്ങള്‍ക്കും സത്യവിരുദ്ധമായതൊന്നും സാധ്യമല്ല എന്ന വാക്കിന്‍ പ്രകാരം ജീവിച്ചു മനസ്സുറപ്പിച്ചു മരണപര്യന്തം ഭീതി കൂടാതെ സുഖമായി മരണമാകുന്ന അലയാഴി മദ്ധ്യത്തില്‍ ദൈവവചനമാകുന്ന പടകില്‍ കയറി ഒടുവില്‍ മറുകര പൂകും. അപ്പോള്‍ ദുര്‍മതികള്‍ കിടന്ന്‌ അഴലുകയായിരിക്കും.

ഈ ഗാനം എഴുതുവാനുണ്ടായ സാഹചര്യം - നാമധേയ ക്രൈസ്തവ സഭയിൽ നിന്നും രക്ഷിക്കപ്പെട്ടും സ്നാനപ്പെട്ടും വേർപെട്ടുവന്ന ഒരു ഉപദേശി, തന്റെ വീട്ടുകാരുടെ സമ്മർദ്ദത്താൽ തിരികെ പഴയ സഭയിലേക്ക് പോയപ്പോൾ 


57387522 Hits    |    Powered by Oleotech Solutions