Search Athmeeya Geethangal

117. പരമ കരുണാരസരാശേ! ഓ!  
Lyrics : K V Simon, Edayaranmula
പരമ കരുണാരസരാശേ!      
ഓ! പരമകരുണാരസരാശേ!
 
1   പാരിതില്‍ പാതകിയാമെനിക്കായി നീ
     പരമ-ഭവന-മതിനെ വെടിഞ്ഞ
     കരുണയൊരുപൊഴുതറി-വതിന്നിടരറുവതിന്നരുളിന
     കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി!-
 
2   നാഥാ നിന്നാവിയെന്‍ നാവില്‍ വന്നാകയാല്‍
     നവമാ-യുദിക്കും-സ്തുതികള്‍-ധ്വനിക്കും
     നലമൊടഹമുര-ചെയ്തിടും-മമ ചെയ്തിടും നിന്‍കൃപാ   
     കലിതസുഖമിഹമരുവിടും സ്തവമുരുവിടും
     ദയ പെരുകിടുന്നൊരു-
 
3   ശാപമീഭൂവില്‍നിന്നാകവേ നീങ്ങുവാന്‍
     സകലാധിപ-വാനൊളിയാല്‍ നിറവാന്‍
     സകല മനുജരിലമിതമാം സുഖമുയരുവാന്‍ സാദരം
     പകരുകരു-ളതിസുലഭമാ-
     യതിവിപുലമായ് ബഹുസഫലമാമയ്!    
 

പരമം-ശ്രേഷ്ഠം. കരുണാരസരാശി - കരുണയുടെ ഇരിപ്പിടം. പാര്-ഭൂമി. പാതകി - കുറ്റക്കാരന്‍. ഭവനം-വീട്‌. വെടിഞ്ഞ-ഉപേക്ഷിച്ച. പൊഴുത്-സമയം. ഇടര്‍-ദൂഃഖം. അറുക-ഇല്ലാതാകുക. അരുളിന-കൃപചെയ്ത. കരണം-ഉപകരണം. തവം നിന്റെ. ചരണം-കാല്‍. മമ-എന്റെ (എനിക്ക്‌). ശരണം-ആശ്രയം. ഭവം-സംസാരസാഗരം. തരണം-കടക്കുന്നത്‌. ആവി-ആത്മാവ്‌. നാവ്‌-നാക്ക്‌. നവം-പുതിയത്‌. ധ്വനിക്കും-മുഴങ്ങും. നലം-നല്ലത്‌. അഹം-ഞാന്‍. ഉരചെ യ്യുകപറയുക. കലിതസുഖം-സുഖത്തോടുകൂടി. മരുവുക-ജീവിക്കുക. സ്തവം-സ്തോത്രം. ഉരുവിടുക-പറയുക (ചൊല്ലുക). സകലാധിപന്‍-എല്ലാറ്റിന്റെയും നാഥന്‍. വാനൊളി-സ്വര്‍ഗ്ഗീയശോഭ. അമിതം-വളരെ. അരുള്‍-കൃപ. സുലഭം-സമൃദ്ധി. വിപുലം-വളരെ (വലുത്‌). ബഹു-അധികം. സഫലം-ഫലവ ത്ത്‌.

ശ്രേഷ്ഠമായ കരുണാരസത്തിന്‌ ഇരിപ്പിടമായിട്ടുള്ള നാഥാ! മഹാപാപിയായ എനിക്കുവേണ്ടി ഉന്നതമായ സ്വര്‍ഗ്ഗം വെടിഞ്ഞ്‌ ഈ താണലോകത്തിലേക്ക്‌ വന്ന കരുണയെപ്പറ്റി ഒരു സമയം അറിയുന്നതിനും അങ്ങനെ എന്റെ സകല ദുഃഖവും ഇല്ലാതാകുന്നതിനും കൃപചെയ്ത ആ ഉപകരണം അങ്ങയുടെ പാദമാണ്‌. അതാണ്‌ എനിക്ക്‌ ആശ്രയവും എന്നെ സംസാര സാഗരത്തില്‍നിന്ന്‌ കരകയറ്റുന്നതിനുള്ള വഞ്ചിയായിട്ടുള്ളതും.

ക്രിസ്തുനാഥാ! അവിടുത്തെ ആത്മാവ്‌ എന്റെ നാവില്‍ വന്നതുകൊണ്ട്‌ പുതുതായി ഉണ്ടാകുന്ന സ്തുതിഗീതങ്ങള്‍ മുഴങ്ങും. എനിക്ക്‌ അവിടുന്നു ചെയ്ത വന്‍കൃപകളെപ്പറ്റി ഞാന്‍ ഘോഷിക്കും. ദയാവാരിധിയായ കര്‍ത്താവേ, ഞാന്‍ ഇവിടെ സുഖമായി ജീവിച്ച്‌, സ്തുതി സ്തോത്രങ്ങള്‍ ആലപിച്ചു നാള്‍ കഴി ക്കും.

ഈ ഭൂമിയില്‍ നിന്നു ശാപം മുഴുവനായി നീങ്ങുന്നതിനായും സകലേശന്റെ സ്വര്‍ഗ്ഗീയശോഭകൊണ്ടു നിറയുന്നതിനായും സകല മനുഷ്യരിലും അമിതമായ ആനന്ദം ഉണ്ടാകുന്നതിനായും സുലഭവും വിപുലവും സഫലവും ബഹുലവും ആയ കൃപ നല്‍കിയാലും.


 Download pdf
57387959 Hits    |    Powered by Oleotech Solutions