Search Athmeeya Geethangal

30. സ്തോത്രം സദാ പരനേ - തിരുനാമം 
Lyrics : K V Simon, Edayaranmula
സ്തോത്രം സദാ പരനേ - തിരുനാമം
വാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍
ധാത്രിയിലെ മര്‍ത്ത്യഗോത്രമശേഷമായ്
കീര്‍ത്തിക്കും നിന്നുടെ കീര്‍ത്തിയെഴും നാമം
 
1   സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവ
     സന്നിധി തന്നില്‍ നിന്നു
     പങ്കമകന്ന നിന്‍ തങ്കനാമം വാഴ്ത്തി
     സങ്കടമെന്യേ സംസേവ ചെയ്യുന്നവര്‍
 
2   ജീവനറ്റോരുലകമിതിന്നു നിന്‍
     ജീവനരുളിടുവാന്‍
     ദ്യോവിന്‍ മണിവിളക്കായിരുന്നുള്ള നിന്‍
     പാവന സൂനുവെ ഭൂവിലയച്ചതാല്‍-
 
3   വിശ്വസ്ത നായകാ! നീ
     ന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങള്‍
     ക്രിസ്തുവില്‍ വ്യാപരിപ്പിച്ചവണ്ണം നിജ
     ദത്താവകാശത്തിന്‍ പുത്രര്‍ക്കും നല്‍കി നീ
 
4   സ്വര്‍ഗ്ഗം ഭൂവനതല മിവയിലെ
     വര്‍ഗ്ഗമെല്ലാം പിന്നെയും
     ക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിന്‍
     ശുദ്ധിമാന്മാര്‍ക്കറിയിച്ചുകൊടുത്തു നീ
 
5   സ്വര്‍ലോകസംബന്ധമാ-
     മാശിസ്സുകളെല്ലാറ്റിനാലും ഭവാന്‍
     ചൊല്ലെഴും പുത്രനിലാശീര്‍വ്വദിച്ച നിന്‍
     നല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവന്‍
 

വരന്‍-ശ്രേഷ്ഠന്‍ (ദൈവം). ധാത്രി-ഭൂമി. മര്‍ത്യലോകം-മനുഷ്യകുലം. കീര്‍ത്തിക്കുക-പുകഴത്തുക. ഗണം-കൂട്ടം. സദാ-എല്ലായ്പ്പോഴും. സങ്കടമെന്യേ- ദുഖം കൂടാതെ. സംസേവ-സേവ. ഉലകം-ലോകം. തവ-നിന്റെ. പങ്കമകന്ന-പാപമില്ലാത്ത. പങ്കം-ചെളി. ദ്യോവ്-സ്വര്‍ഗ്ഗം. പാവനസൂനു-പരിശുദ്ധപുത്രന്‍. ഭൂവ്‌-ഭൂമി. ദത്തം-ദാനം ചെയ്തത്‌.

മഹോന്നതനായ ദൈവമേ! അങ്ങയുടെ നാമം ഞാന്‍ എപ്പോഴും വാഴ്ത്തിപ്പുകഴ്ത്തും. ഈ ഭൂമിയിലെ മനുഷ്യവര്‍ഗ്ഗമെല്ലാം അവിടുത്തെ വിഖ്യാതനാമം കീര്‍ത്തിക്കും. സംഖ്യയില്ലാത്ത ദേവഗണങ്ങള്‍ സദാ തിരുസന്നിധിയില്‍നിന്നു സന്തോഷത്തോടുകൂടി അങ്ങയെ സേവിക്കുന്നു. പാപത്താല്‍ മൃതരായിരുന്ന മനുഷ്യവര്‍ഗ്ഗത്തിന്‌ ജീവന്‍ നൽകുവാന്‍ സ്വര്‍ഗ്ഗത്തിലെ മണിവിളക്കായിരുന്ന പരിശുദ്ധപുത്രനെ (ക്രിസ്തുവിനെ) അങ്ങ്‌ ഈ ലോകത്തിലേക്കയച്ചു. അവി ടുത്തെ നിരവധിയായ ഐശ്വര്യവും കാരുണ്യവും പുത്രനായ ക്രിസ്തുവില്‍ എപ്രകാരം വ്യാപരിച്ചുവോ അതുപോലെ ദനത്തെടുക്കപ്പെട്ട പുത്രരായ മനുഷ്യര്‍ക്കും അങ്ങു നല്കി. സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും നിവാസികളെ എല്ലാം വീണ്ടും (ക്രിസ്തുവില്‍ ഒന്നാക്കിത്തീര്‍ക്കുന്ന വൃവസ്ഥ അവിടുത്തെ (വൃതന്മാര്‍ക്ക്‌ അങ്ങ്‌ അറിയിച്ചുകൊടുത്തു. സ്വര്‍ഗ്ഗീയമായ സകല അനുഗ്രഹത്താലും പുത്രന്‍ മുഖാന്തരം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്ന തിരുനാമം ഞങ്ങള്‍ എന്നെന്നും ചൊല്ലി വാഴ്ത്തും.


 Download pdf
57406606 Hits    |    Powered by Oleotech Solutions